Sunday, 2 July 2017

സൂര്യബിംബം

     നമ്മൾ എല്ലാവരും സൂര്യനെ കണ്ടിട്ടുണ്ട്. അതേ സമയം സൂര്യനെ ശരിക്കും കണ്ടവർ അധികം ഉണ്ടാവില്ല. കാരണം സൂര്യനെ നേരിട്ടു നോക്കാനാവില്ല. അതിന്റെ ശോഭയാൽ കണ്ണ് മഞ്ഞളിക്കുന്നു. സാധാരണ നിലയിൽ സൂര്യബിംബം കാണാൻ സാധിക്കുന്നതല്ല. എന്നാൽ പണ്ടുള്ളവർ ഗ്രഹണം നേരിട്ട് നിരീക്ഷിക്കുന്നതിനു ചാണക വെള്ളം കലക്കി അതിൽ സൂര്യന്റെ പ്രതിബിംബം നിരീക്ഷിക്കാറുണ്ട്. കറുത്ത കണ്ണടയിൽ കൂടിയോ ഇരുണ്ട മേഘത്തിൽ കൂടിയോ നോക്കിയാലും  ചന്ദ്രബിംബത്തോളം വലിപ്പമുള്ള സൂര്യബിംബം കാണാം.ചന്ദ്രനിൽ കാണുന്ന അടയാളങ്ങൾ സൂര്യനിൽ കാണില്ല. ബിംബത്തിന്റെ മധ്യ ഭാഗത്തു ശോഭ കൂടുതലും പുറത്തേക്ക് പോകുന്തോറും കുറവും ആയി കാണാം. അത്രമാത്രം.
     1611 മാർച്ചിൽ, ഗലീലിയോ ആകാശത്തേക്ക് ദൂരദർശിനി തിരിച്ച് ഒരു കൊല്ലത്തിനുള്ളിൽ, ജർമനിയിലെ, ഇൻഗൾസ്താത്തിലെ ഗണിത ശാസ്‌ത്ര പ്രൊഫസർ ക്രിസ്തോഫ് ഷൈനർ, തനിക്ക് കിട്ടിയ പുതിയ ടെലെസ്കോപ്പ ഉപയോഗിച്ച് സൂര്യനെ നിരീക്ഷിക്കുകയായിരുന്നു. ടെലിസ്കോപ്പിൽ കൂടിയോ ബൈനോക്കുലേഴ്സിൽ കൂടെയോ നേരിട്ട് നോക്കുന്നത്‌ അപകടകരമാണ്. കാഴ്ച്ച ശക്തി പോയെന്നു വരാം. പ്രകാശത്തോടൊപ്പം താപ രശ്മിയേയും അത് കേന്ദ്രീകരിക്കുന്നു. ലെൻസുപയോഗിച്ചു തീ ഉണ്ടാക്കാമല്ലോ. ഇരുണ്ട ഗ്ലാസ്‌ കൊണ്ട് ടെലിസ്കോപ്പിന്റെ മുഖം അടച്ചിട്ടും കാര്യമില്ല. പ്രതിബിംബത്തെ ഒരു യവനികയിൽ പ്രക്ഷേപിച്ചുകൊണ്ട് മാത്രമേ സൂര്യനെ നോക്കാവു. ഗലീലിയോവിൻറെ വിദ്യാർഥി ആയിരുന്ന ബെനെദത്തോ കാസ്‌തല്ലിയാണ് ഈ രീതി ആവിഷ്‌കരിച്ചത്. ഷൈനറും അതേ രീതിയിൽ ആണ് സൂര്യനെ നോക്കിയത്. പക്ഷേ കണ്ട കാഴ്ച അദ്ധേഹത്തെ അദ്‌ഭുതപെടുത്തി. സൂര്യബിംബത്തിന്മേൽ അവിടവിടെയായി ഇരുണ്ട പാടുകൾ. അദ്ദേഹം തന്റെ മതമേധാവിയായ ബുസേ യസ്സിനോട് ഇത് പറഞ്ഞു. അദ്ദേഹം ഷൈനറെ കളിയാക്കികൊണ്ട് മറുപടി പറഞ്ഞു  "ഞാൻ അരിസ്റ്റോട്ടിലിന്റെ എല്ലാ കൃതികളും വായിച്ചിട്ടുണ്ട്. നീ പറയുന്ന മാതിരി ഒന്നും ഞാൻ അതിൽ കണ്ടിട്ടില്ല. അതുകൊണ്ട്, നീ സമാധാനമായി പോവുക. നിനക്ക് സൂര്യനിൽ ഇരുണ്ട പാടുകളായി തോന്നുന്നത് യഥാർത്ഥത്തിൽ അതിലുള്ളതല്ല. നിന്റെ ഗ്ലാസിലെ തകരാറു കൊണ്ടോ കണ്ണിലെ കേട് കൊണ്ടോ തോന്നുന്നതാണ്‌ " .
     പക്ഷേ ഈ മറുപടി ഷൈനറെ തൃപ്തിപ്പെടുത്തിയില്ല. ഗലീലിയോ 1610 നവംബറിൽ ഈ പാടുകൾ കണ്ടിരുന്നു. പക്ഷെ ഇവർ രണ്ടുപേർക്കും മുമ്പ് 1611ൽ ഹോളണ്ടിലെ യൊ ഹന്നാസ് ഫബ്രീ ഷിയൂസ്  'സൂര്യകളങ്ക' ങ്ങളെപ്പറ്റിയുള്ള തന്റെ പുസ്തകം പ്രസിദ്ധീകരിച്ചു. ചിത്രസമേതം 1612 ൽ  ഗലീലിയോ എഴുതി:"നിരവധി  തവണ നിരീക്ഷണങ്ങൾ നടത്തിയതിനു ശേഷം ഈ പാടുകൾ സൂര്യന്റെ ഉപരിതലത്തിൽ തന്നെയുള്ള വസ്തുക്കളാണെന്നും അവ തുടര്ച്ചയായി പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്നുവെന്നും, ഈ പ്രക്രിയ ചിലപ്പോൾ അതിവേഗത്തിലും ചിലപ്പോൾ സാവധാനത്തിലും നടക്കുന്നെന്നും, സൂര്യന്റെ കറക്കത്തോടൊപ്പം അവയും കറങ്ങുന്നുണ്ടെന്നും, ഈ കറക്കം ഏതാണ്ട് ഒരു ചന്ദ്രമാസത്ത്തിൽ ഒരിക്കൽ എന്ന നിരക്കിലാണ് നടക്കുന്നതെന്നും എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. പ്രത്യക്ഷമായി തന്നെ ഇത് പ്രധാനപെട്ട ഒരു സംഗതിയാണ്. എന്നാൽ അതിലും പ്രധാനമാണ് ഇതിന്റെ പരോക്ഷ സൂചനകൾ ".
     ഇന്ന് ഈ പാടുകളെയും സൂര്യനെയും പറ്റി കൂടുതൽ അറിയാം. ഈ പാടുകളുടെ മധ്യഭാഗം നല്ലപോലെ കറുത്തിരിക്കും.ഇവിടം പ്രച്ഛായ (umbra) എന്ന പേരിൽ അറിയപ്പെടുന്നു. അതിനു ചുറ്റും അത്ര തന്നെ ഇരുണ്ടതല്ലാത്ത ഉപച്ഛായ കിടക്കുന്നു. അത്യന്തം പ്രോജ്വലമായ പശ്ചാത്തലത്തിൽ കാണുന്നത് കൊണ്ടാണ് ഇവ ഇരുണ്ടതായി തോന്നുന്നത്. വാസ്തവത്തിൽ ഈ പ്രദേശങ്ങളും ചുട്ടുപഴുതാണിരിക്കുന്നത്.

2 comments:

  1. 14 നമ്പര്‍ വെല്ടിംഗ് ഗ്ലാസ്‌ സുരസ്ക്ഷിതമായി ഉപയോഗിച്ച് സൂര്യനെ നോക്കാം.

    ReplyDelete

Blogger Random – Recent – Specific Label Posts Widget – All in One Post Feed Widget