Monday, 10 July 2017

മുങ്ങിക്കപ്പൽ പൊങ്ങുന്നതെങ്ങനെ ?

വെള്ളത്തിനടിയിലും ജലോപരിതലത്തിലും സഞ്ചരിക്കാൻ കഴിവുള്ള ഒരു ജലവാഹനമാണ് മുങ്ങിക്കപ്പൽ. ആയിരക്കണക്കിന് ടൺ ഭാരമുള്ള ഇത്തരമൊരു കപ്പൽ കടലിനടിയിലേക്ക് മുങ്ങിക്കഴിഞ്ഞാൽ വീണ്ടും ഉപരിതലത്തിലേക്ക് പൊങ്ങി വരുന്നതെങ്ങിനെ?


    ജലോപരിതലത്തിൽ പൊങ്ങികിടക്കുമ്പോൾ പ്ലവക തത്വമനുസരിച്ച് കപ്പൽ സ്വഭാരത്തിനു തുല്യമായ അളവ് വെള്ളം വിസ്ഥാപനം ചെയ്യുന്നു. മുങ്ങിക്കിടക്കുമ്പോൾ കപ്പൽ നിർഗുണ ലാഘവാവസ്ഥയിലായിരിക്കും. അടിഭാരം ചെറിയൊരളവിൽ വെത്യാസപ്പെടുത്തുന്നത് വഴി ഈ സ്ഥിതിയിൽ കപ്പൽ ഏത് വിതാനത്തിലും പൊങ്ങി കിടക്കുന് രീതിയിലാക്കാം.എന്നാൽ ഈ അടിഭാരം വ്യത്യാസപ്പെടുത്തൽ അനുസ്യൂതം ചെയ്തുകൊണ്ടിരിക്കണം. കാരണം എഞ്ചിൻ ഉപയോഗിച്ച് തീർക്കുന്ന ഇന്ധനത്തിന്റെ ഭാരവ്യത്യാസം തുടര്ച്ചയായി 'ബാലസ്റ്റ് അറ 'കളിൽ വെള്ളം നിറച്ച് നികത്തി കൊടുക്കണം. സൂക്ഷിച്ചു വച്ച ഭക്ഷണവും വെള്ളവും കപ്പലിലെ ജോലിക്കാർ എടുത്തുപയോഗിച്ചാലോ ടോർപിഡോ ഉണ്ടകൾ പ്രയോഗിച്ചാലോ ഉണ്ടാവുന്ന ഭാരവ്യത്യാസവും ഇങ്ങനെ നികത്തിക്കൊടുക്കേണ്ട കൂട്ടത്തിലാണ്.
     കപ്പലിൽ അടിഭാരം നിയന്ത്രിക്കുന്നതിനായി വെള്ളം നിറയ്ക്കാൻ കഴിയുന്ന ഒന്നിലധികം അറകൾ ഉണ്ടായിരിക്കും. മുഖ്യ ബാലസ്റ്റ് അറകൾ ജലോപരിതലത്തിൽ ആയിരിക്കുമ്പോൾ ശൂന്യമായിരിക്കും. മുങ്ങേണ്ട അവസരത്തിൽ ഈ ടാങ്കുകൾ അതിവേഗം നിറയ്ക്കുവാൻ കഴിയണം. മുങ്ങിക്കിടക്കുമ്പോൾ മുഖ്യബാലസ്റ്റുകൾ നിറഞ്ഞിരിക്കും. ട്രിമ്മിംഗ് അറകൾ എന്ന് പേരുള്ള വേറെ ഒരു സെറ്റ് അറകളാണ് ചെറിയ ഭാരവ്യത്യാസവും ഇല്ലാതാക്കുന്നത്. മൊത്തം ഭാരത്തിനു പുറമേ മുൻപിൽ ഭാര വ്യത്യാസവും ഇല്ലാതാക്കേണ്ടതുണ്ട്. ഇതിനായി മറ്റൊരു സെറ്റ് ചെറിയ അറകളുമുണ്ടാവും. ഊളിയിട്ടിറങ്ങാനായി മുൻ ഭാഗത്തെ ചെറിയ അറകൾ ആദ്യം നിറക്കുന്നത് വഴി മൂക്കുകുത്തി വെള്ളത്തിനടിയിലോട്ടുള്ള ചലനം  സാധ്യമാകുന്നു.
     പൊങ്ങിവരാൻ ബാലസ്റ്റ് അറകളിലെ വെള്ളം ഒഴിച്ച് കളയുകയാണ് വേണ്ടത്. കംപ്രസ്സർ ഉപയോഗിച്ച് ഉയർന്ന മർദത്തിലുള്ള വായു ഇതിനായി ശേഖരിച്ചു വച്ചിരിക്കും. ബാലസ്റ്റ് അറകളിലേക്ക് ഈ മർദിത വായു കടത്തുമ്പോൾ അതിലെ വെള്ളം വേഗം ഒഴിഞ്ഞു പോകുന്നു. അങ്ങനെയാണ് മുങ്ങിയ കപ്പൽ പൊങ്ങിവരുന്നത്.
     മുന്കാലത്തു മുങ്ങിക്കപ്പലുകൾക്ക് ഡീസൽ എഞ്ചിനുകളായിരുന്നു ശക്തി നൽകിയിരുന്നത്. ഇവ പ്രവർത്തിക്കാൻ വായു വേണം. പൊങ്ങിക്കിടക്കുമ്പോഴും, വായുകുഴൽ (snorkel) മാത്രം മേലോട്ടിട്ട താണ്‌ കിടക്കുമ്പോഴും വായു ലഭ്യമാവും. അതിലും ആഴത്തിൽ പോയി ഒളിക്കുവാന് മുതിരുമ്പോൾ സ്‌നോക്കൽ അടച്ചു കളയണം. അപ്പോൾ ബാറ്ററികളിൽ സംഭരിച്ചു വച്ച വൈദ്യുതി കൊണ്ട് പ്രവര്ത്തിക്കുന്ന മോട്ടോറുകളാണ് കപ്പലിന് ശക്തി നൽകുന്നത്. മിക്ക കപ്പലുകളിലും ഡീസൽ എൻജിനുകൾ ജനറേറ്ററുകളുമായി ഘടിപ്പിക്കുന്നു. അവ മോട്ടോറുകൾക്കു നേരിട്ടോ ബാറ്ററികളിൽ കൂടിയോ ആവശ്യാനുസരണം ശക്തി നല്കുന്നു. ഇക്കാരണത്താൽ മുങ്ങിക്കപ്പലുകൾക്കു അധികനേരം മുങ്ങിക്കടക്കാനാവില്ല. ബാറ്ററികൾ ക്ഷീണിക്കുമ്പോൾ എഞ്ചിൻ പ്രവർത്തിക്കണം. എൻജിന്റെ നിർഗമവാതകങ്ങൾ പുറത്തു കളയാനും വായു വലിക്കാനുമായി അവയ്ക്ക് അങ്ങനെ പുറത്തു വരേണ്ടി വരും.
     ആധുനിക കാലത്ത് അണുശക്തി ഉപയോഗിക്കുന്ന മുങ്ങിക്കപ്പലുകൾ വന്നതോടെ ഈ ദോഷം ഒഴിവാവാകാനായി. അണുശക്തി നല്കുന്ന താപോർജം നീരാവി ഉണ്ടാക്കാനുപയോഗിച്ച് ആ നീരാവി ടർബൈനുകളിൽകൂടി ഒഴുക്കി യാന്ത്രിക ശക്തി ലഭ്യമാക്കാം. സാമാന്യം വലിയ ഒരു മുങ്ങിക്കപ്പലിനു 6000HP യിലധികം ശക്തി ആവശ്യമായി വരും. ഒരിക്കൽ ഇന്ധനം നിറച്ചു യാത്ര തുടങ്ങിയാൽ വീണ്ടും ഇന്ധനം നിറക്കാതെ 6.5 ലക്ഷം കി.മീ വരെ സമുദ്ര യാത്ര നടത്തുവാൻ ഇവക്കു കഴിയുമെന്നത് യുദ്ധ രംഗത്ത് വലിയൊരനുഗ്രഹമാണ്. 1954-ൽ അമേരിക്ക നിര്മിച്ച ആണവ മുങ്ങിക്കപ്പലാണ് ഈ യുഗത്തിന് തുടക്കം കുറിച്ചത്.

No comments:

Post a Comment

Blogger Random – Recent – Specific Label Posts Widget – All in One Post Feed Widget