Sunday, 4 March 2018

കാഴ്ചയും നിരീക്ഷണവും ശാസ്ത്രവും - ഒരവലോകനം

കാഴ്ച എന്നത് പ്രകൃതി നമുക്ക് തന്ന ഒരു വരദാനമാണ്. ഒരു വസ്തുവിനെ അല്ലെങ്കിൽ വസ്തുതയെ മനസ്സിലാക്കാനുള്ള ഏറ്റവും ശക്തിയേറിയ ഒരു ഉപകരണമാണ് കണ്ണും,അത് മൂലം നമ്മൾ മനസ്സിലാക്കി വച്ചിട്ടുള്ള കാഴ്ചയും.
കപടത നിറഞ്ഞ സമൂഹങ്ങളിൽ ശാസ്ത്രം അതിജീവിച്ചു വരാനുള്ള ഏറ്റവും വിശ്വസ്തയേറിയ സഹായിയായി നിലനിന്നതും കാഴ്‌ചയാണ്‌. കാണുന്നതാണ് ശാസ്ത്രമെന്നു പോലും ,ശാസ്ത്രത്തെ വ്യാഖ്യാനിച്ച വ്യക്തികളും,വ്യക്തി സമൂഹങ്ങളും ഉണ്ട്. കാണുന്നത് മാത്രമാണോ ശാസ്ത്രം? കാണാത്തവ അശാസ്ത്രീയമാണോ? കാണാത്തവയും ശാസ്ത്രീയമാണെങ്കിൽ അതുനമ്മളെങ്ങനെ മനസ്സിലാക്കും? എല്ലാം ശാസ്ത്രീമായി കാണാനാവുമോ?  എന്താണ് യഥാർത്ഥത്തിൽ കാഴ്‌ച? കാഴ്ച ശാസ്ത്രീയമോ? തുടങ്ങിയ അനേകം ചോദ്യങ്ങൾ നമുക്ക് മുമ്പിൽ തെളിഞ്ഞു വരുന്നത് കാണാം. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇതിനെല്ലാം ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കുന്ന, ആ ശ്രമം തന്നെയാണ് ശാസ്ത്രം.

Erwin Schrodinger2

കാണുന്നതിനെ കുറിച്ച് പഠിക്കാതെ തന്നെ,അത് ശരിയാണെന്നു വിശ്വസിക്കുന്നതായിരിക്കണം വിശ്വാസങ്ങളുടെയെല്ലാം തുടക്കം; കാരണം അതിനെ പറ്റി വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ പിന്നെ അത് ശാസ്ത്രമാണ്,വിശ്വാസമല്ല. ശാസ്ത്രം കേവലമാണോ? ,അത് മാറികൊണ്ടിരിക്കില്ലേ? എന്ന ചോദ്യം വന്നേക്കാം; എന്നാൽ മാറ്റമുണ്ടെന്ന് തിരിച്ചറിയുന്ന നിമിഷം സഹിഷ്ണുതയോടെ അതിനെ അംഗീകരിക്കുന്നത് കൂടിയാണ് ശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്ന്. സാധാരണ മനുഷ്യരെ സംബന്ധിച്ച് കാഴ്‌ചയെന്നതും,നിരീക്ഷണമെന്നതും,കാണുന്നതെന്നതും എല്ലാം ഒരുപോലെ ഇരിക്കുന്ന ചില പദങ്ങളാണെങ്കിലും,ശാസ്ത്രം അവയെ കൃത്യമായി വേർതിരിച്ചു വിശകലനം ചെയ്തിട്ടുണ്ട്.

കാഴ്ച എന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ,മനുഷ്യരുടെ പഞ്ചേന്ദ്രിയങ്ങളിൽ ഒന്നായ കണ്ണുപയോഗിച്ച മനുഷ്യർ വിശകലനം ചെയ്യുന്ന വിവരങ്ങളാണ്. അതാകട്ടെ,പ്രകാശം ഒരു വസ്തുവിൽ തട്ടി,പ്രതിഫലിച്ചു നമ്മുടെ കണ്ണിലേക്കെത്തിയതിനു ശേഷം നടക്കുന്നതും.
യാഥാർഥ്യത്തിൽ പ്രകാശത്തിന്റെ വെറും പ്രതിഫലനമല്ല ,മറിച്ച് ഇലക്ട്രോമാഗ്നെറ്റിക് സ്പെക്ട്രത്തിലെ ദൃശ്യപ്രകാശത്തിന്റെ മാത്രം പരിധിയിൽ വരുന്ന,ഒരു ആഗിരണ-വിസർജ്ജന (Absorption - Emission)  പ്രക്രിയയെയാണ് ഒറ്റവാക്കിൽ നമ്മൾ കാഴ്‌ചയെന്നു വിശേഷിപ്പിക്കുന്നത്. അതും മനുഷ്യനെന്ന ജീവിവർഗ്ഗത്തിന്റെ വ്യാഖ്യാനത്തിലൂടെ മാത്രം. നായകൾക്ക് പച്ചയും ചുവപ്പും കാണാനാവില്ല,പകരം അതെല്ലാം ഗ്രേ (Grey) നിറമായിട്ടാവും കാണുക. ചുരുക്കി പറഞ്ഞാൽ കണ്ണെന്ന മനുഷ്യ ശരീരത്തിലെ ഒരു അവയവത്തെ ആശ്രയിച്ചാണ് നമ്മളിന്നും പല കാര്യങ്ങളെയും ശരിയാണോ എന്ന് വിശകലനം ചെയ്യുന്നത്. ഭയത്താലുള്ള വിശ്വാസങ്ങളെയും,അടിമ വർഗത്തെ നിയന്ത്രിക്കാനും ഒരുകാലത്തു വിശ്വാസങ്ങളെ ദുരുപയോഗം ചെയ്തിരുന്നു. അതിനൊരു പരിധി വരെയെങ്കിലും അറുതി വരാൻ തുടങ്ങിയത്,'കാണുന്നതാണ് ശരിയെന്ന' ബോധം സമൂഹങ്ങളിൽ ഉണ്ടായത് മുതലാണ്. ഇതിന്റെ പ്രധാന കാരണം,ശാസ്ത്രത്തിന്റെ തുടക്കകാല രൂപമായ ആൽകെമി (Alchemy) ,രൂപം പ്രാപിച്ചു രസതന്ത്രമായതും (Chemistry), പരീക്ഷണാടിസ്ഥാനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരുശാഖയായതിനാലും ആവണം.അതിനാൽ തന്നെയാണ് സത്യമാണെന്നു വിശ്വസിക്കണമെങ്കിൽ കാണണം എന്നത് ശാസ്ത്രത്തിന്റെ ഒരു വ്യാഖ്യാനമായി തന്നെ നില കൊണ്ടത്. ഭൂമിയല്ല കേന്ദ്രം,സൂര്യനാണെന്നു (Helio centric) മനസ്സിലാക്കാൻ കോപ്പർനിക്കസും  ഗലീലിയോയും ആകാശത്തേക്ക് നോക്കുക തന്നെയാണ് ചെയ്തത്. അത് കാണിച്ചു കൊടുത്തിട്ടും വിശ്വസിക്കാതിരുന്നവർ ഉണ്ടായിരുന്നു എന്നതിൽ നിന്ന് തന്നെ,ശാസ്ത്രം എന്നത് കേവലം മനുഷ്യരുടെ കാഴ്‌ചമാത്രമല്ല എന്നത് പറയാതെ പറയാൻ തുടങ്ങുകയാണ്.

ഭൗതിക ശാസ്ത്രം (Physics) വികസിക്കാൻ തുടങ്ങിയ കാലത്തു പോലും,പരീക്ഷണത്തിൽ കാണുന്നവയാണ് ശാസ്ത്രം എന്ന രീതി തന്നെയാണ് പിന്തുടർന്ന് വന്നത്. തിയററ്റിക്കൽ സയൻസ് (Theoretical science) എന്ന ശാസ്ത്ര ശാഖ വരാൻ ഒരുപാട് കാലമെടുത്തതും ഇതിനാൽ തന്നെയാണ്. ടൈക്കോ ബ്രാഹ (Tycho Brahe) തൊട്ടു പലരുടെയും വാനനിരീക്ഷങ്ങളും,കണ്ടുപിടിത്തങ്ങളുമെല്ലാം 'കാണുന്ന'താണെങ്കിലും, മെറ്റാഫിസിക്സ് (Metaphysics) എന്ന ശാസ്ത്രമല്ലാത്ത ശാഖയായിട്ടാണ് നിലകൊണ്ടിരുന്നത്. ജ്യോതിശാസ്ത്ര സംഭാവനകളക്ക് നോബൽ കിട്ടാനെടുത്ത കാലതാമസം മാത്രം നോക്കിയാലത് വ്യക്തമാവും. വൈദ്യുത കാന്തിക തരംഗങ്ങളുടെ (Electromagnetic waves) കണ്ടുപിടിത്തവും,തുടർന്നുള്ള ശാസ്ത്രത്തിന്റെ മുന്നേറ്റവുമാണ് കണ്ണുകൊണ്ടു കാണുന്നത് മാത്രമല്ല കാഴ്ച എന്ന തിരിച്ചറിവ് ശാസ്ത്ര സമൂഹത്തിനു നൽകുന്നത്. വൈദ്യുതകാന്തിക തരംഗങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് മനുഷ്യന് കാണാവുന്ന ദൃശ്യമേഖലയെന്നതും തിരിച്ചറിഞ്ഞു. ശേഷമാണ്,ദൃശ്യപ്രകാശത്തിനെ മാത്രം കാണാൻ കഴിയുന്നത് നമ്മുടെ കണ്ണിന്റെ പരിമിതിയാണെന്ന് തിരിച്ചറിയുന്നതും,കണ്ണിനെ കൂടാതെ എങ്ങനെ കാണാം എന്ന് ചിന്തിക്കാൻ തുടങ്ങുന്നതും.

ദൃശ്യപ്രകാശം കണികകളാണെന്നതുകൊണ്ടും,അവ വസ്തുക്കളോട് പ്രത്യേകതരത്തിൽ സമ്പർക്കം പുലർത്തുന്നുണ്ടെന്നതും,കാഴ്ചയെ സ്വാധീനിച്ച മറ്റുവസ്തുതകളാണ്. കാണുന്നത്  സൂക്ഷിച്ചു വെക്കാനുള്ള ഉപാധിയായ ഫോട്ടോഗ്രാഫിക് പ്ളേറ്റുകളും,ക്യാമറകളും ആ ആശയത്തിൽ നിന്നാണ് ജനിക്കുന്നത്.ദൃശ്യപ്രകാശം ഫോട്ടോഗ്രാഫിക്  വസ്തുക്കളിൽ വീഴുന്നത് ചില പാടുകൾ അവശേഷിപ്പിക്കും. ദൃശ്യപ്രകാശം ,അതുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കത്തിലേർപ്പെടുന്ന വസ്തുവുമായിട്ടുള്ള ആ സമ്പർക്കമാണ് യഥാർത്ഥത്തിൽ ഈ ഫോട്ടോ സൂക്ഷിക്കുന്നത്. പിന്നീട് പല തരം  ഫോട്ടോഗ്രാഫിക് ടെക്നിക്കുകൾ രൂപംകൊണ്ടു. അതെല്ലാം ചെയുന്നത് ഒന്ന് മാത്രമാണ്: മനസ്സിലാക്കാനാവുന്ന തരത്തിൽ ദൃശ്യപ്രകാശത്തെ കൊണ്ട് ഒരു പ്രവർത്തി ചെയ്യിപ്പിക്കുക. സാധാരണ ഗതിയിൽ ഫോട്ടോഗ്രാഫിക് പ്ളേറ്റിലെ കെമിക്കലുമായുള്ള സമ്പർക്കത്തിന്റെ വിവരമായിരിക്കുമത്. പിന്നീട് അത് കാണാൻ യോഗ്യമായ രീതിക്ക് ഉണ്ടാക്കിയെടുത്തതിനെയാണ് നമ്മൾ ഫോട്ടോയെന്നു വിളിക്കുന്നത്. കണികകളായ പ്രകാശത്തെ ഇങ്ങനെ പഠിക്കുന്നത് ജ്യോതിശാസ്ത്രം തൊട്ടു മറ്റനേകം ശാസ്ത്രമേഖലകളിൽ ഇന്ന് പ്രാധാന്യമർഹിക്കുന്ന ഒന്നായി തീർന്നിരിക്കുന്നു.

ഇപ്പോഴും ദൃശ്യപ്രകാശത്തെ കുറിച്ച് മാത്രമാണ് നമ്മുടെ ചിന്തകൾ മുഴുവൻ. അദൃശ്യപ്രകാശം പരന്നു കിടക്കുകയാണ് പ്രപഞ്ചം മുഴുവൻ. പലതിനും പല പ്രത്യേക കഴിവുകൾ. അവയെ കൂടി പഠിച്ചാലേ കാഴ്ചയെന്നത് പൂർണമാവു. കാഴ്ചയെന്ന വാക്കിലുപരി,ഇനി നിരീക്ഷണം എന്ന വാക്കുപയോഗിക്കുന്നതായിരിക്കും ശരി. ഫോട്ടോഗ്രാഫിക് പ്ളേറ്റുകൾ പോലെ, അദൃശ്യപ്രകാശങ്ങളായ ഗാമ,എക്‌സ്‌റേ,റേഡിയോ,മൈക്രോവേവ്,അൾട്രാവയലറ്റ്,ഇൻഫ്രാറെഡ് എന്നിവ സമ്പർക്കം ഉണ്ടാക്കുന്ന പദാര്ഥങ്ങളെയും,അവയുടെ സമ്പർക്കത്തെയും പഠിച്ചു ,പ്രപഞ്ചത്തെ തന്നെ ദൃശ്യ-അദൃശ്യ പ്രകാശത്താൽ നിരീക്ഷിച്ചു തുടങ്ങി,കണ്ടു തുടങ്ങി. കാഴ്ചയെന്നത് കുറെകൂടി വ്യക്തമായത് അപ്പോഴാണ്. ജ്യോതിശാസ്ത്രം കണ്ട ഏറ്റവും വലിയ വെല്ലുവിളികൾ പഠിക്കാൻ സഹായകരമായ ടെലിസ്കോപ്പുകൾ,ഇത്തരത്തിൽ പ്രായോഗികമാക്കി തുടങ്ങിയപ്പോൾ നമുക്ക് ലഭിച്ച പ്രപഞ്ചത്തിന്റെ രൂപം മറ്റൊന്നായിരുന്നു. ഭൂമിയാണു കേന്ദ്രമെന്നു കരുതിയിരുന്ന ഒരു സമൂഹത്തിൽ നിന്ന് ഇന്നത്തെ സമൂഹത്തിലേക്കുള്ള യാത്രയിൽ  ശാസ്ത്രത്തെ കാഴ്ച എത്രത്തോളം സ്വാധീനിച്ചു എന്നതാണ് നമുക്കിതിൽ നിന്ന് മനസ്സിലാവുന്നത്.

കാഴ്ചയെ ആശ്രയിച്ചു വന്ന ശാസ്ത്രം,അവസാനം നേരിട്ട ചോദ്യമാണ്,കാഴ്‌ച ശാസ്ത്രീയമാണോ എന്നത്. ഒന്നും ഒന്നും രണ്ടാണോ എന്ന ചോദ്യം പോലെയാണിത്. കാണുന്നതാണ് ശരി എന്നതിൽ നിന്ന്,കാണുന്ന നിരീക്ഷണമാണ് ശരിയെന്നതിലേക്കെത്തിയപ്പോഴും,അതെത്രത്തോളം ശാസ്ത്രീയമാണെന്നത് ഉത്തരം നൽകേണ്ട ഒരു ചോദ്യമായി തന്നെ അവശേഷിക്കുന്നുണ്ട്. 

ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളികൾ നേരിടുമ്പോൾ,തെളിയിക്കാനായി കാഴ്ചകളക്ക് കഴിയാതെ വരുമ്പോൾ,അതിനു സഹായിക്കുന്നത് ഗണിതശാസ്ത്രമാണ് (Mathematics). അങ്ങനെയെങ്കിൽ കാഴ്‌ചയും നിരീക്ഷണവും എന്തിനാണ്? ഗണിതം പോരെ? എന്ന ചോദ്യം വന്നേക്കാം. കണ്ണിന്റെ പരിമിതികളോ ടെക്‌നോളജിയുടെ പരിമിതികളോ കാരണമുള്ളവയാണ്,കണക്കു കൊണ്ട് നമുക്ക് തെളിയിക്കാനാകേണ്ടത്,അല്ലാത്തവ പരീക്ഷണാടിസ്ഥാനത്തിൽ തന്നെ തെളിയിക്കണമെന്നാണ് ഭൗതിക ശാസ്ത്രം ഇന്നും കല്പിച്ചിട്ടുള്ളത്.

നിരീക്ഷണത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായി വരുന്ന ഒരു ഘടകം അതിന്റെ അപഗ്രഥനത്തിലുള്ള വ്യക്തത എത്രയാണെന്നതിലാണ്. അതിനെ  മുൾമുനയിൽ നിറുത്തിയ കണ്ടെത്തലാണ് ക്വാണ്ടം ഫിസിക്സിലെ  ഹൈസൻബെർഗിന്റെ അൻസെർട്ടെയിനിടി പ്രിൻസിപ്പിൾ. ചില പ്രത്യേക നിയമങ്ങൾ അനുസരിക്കുന്ന നിരീക്ഷണ വസ്തുതകൾ ,കൃത്യതയോടെ പറയാനാവില്ല എന്നതാണത്. തെറ്റില്ലാതെ പറയാനാവില്ല എന്നും വേണമെങ്കിൽ അതിനെ വ്യാഖ്യാനിക്കാം. അവ പ്രാപഞ്ചികമായ അടിസ്ഥാനങ്ങളിൽ ഒന്നാണെന്നും ഗണിതശാസ്ത്രത്തിന്റെ സഹായത്തോടെ തെളിയിക്കാനായി. പരീക്ഷണങ്ങളിലൂടെയും പിന്നീടവ തെളിയിച്ചു. കാഴ്ചക്ക് കണ്ണൊരു പരിമിതി ആയിരുന്നെങ്കിൽ,നിരീക്ഷണത്തിനു തന്നെ പരിമിതിയുണ്ടെന്നു ഈ സിദ്ധാന്തം പറഞ്ഞു. ഈ അവ്യക്തത,ശാസ്ത്രത്തിന്റെ തന്നെ വ്യക്തതക്ക് ഉള്ള പരിമിതിയല്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാവാം,എന്നാൽ അത് വ്യക്തായില്ലായ്മയല്ല,പരമാവധി വ്യക്തയാണെന്നാണ് പിന്നീട് മനസ്സിലാക്കാനായത്. അത് മനസ്സിലാക്കാൻ ചിന്താഗതി മറ്റൊരു തലത്തിലേക്ക് ഉയർത്തുകയല്ലാതെ വേറെ വഴിയില്ല.

മാക്സ് ബോർണിന്റെ (Max Born) സ്റ്റാറ്റിസിറ്റിക്കൽ രീതിയാണ് (Statistical Interpretation) ക്വാണ്ടം മെക്കാനിക്സിന്(Quantum mechanics) അടിസ്ഥാനമായ ചിന്ത. നിരീക്ഷണാടിസ്ഥാനത്തിൽ പരമാവധി സാധ്യതയുള്ളത് മാത്രമേ ലഭിക്കു എന്നതാണ് അതിൽ പറയുന്നത്. അതിന്റെയെല്ലാം അടിസ്ഥാനത്തിൽ തന്നെയാണ് എർവിന് ഷ്രോഡിങ്ങർ(Erwin Schrodinger) ക്വാണ്ടം മെക്കാനിക്സിന് രൂപം കൊടുക്കുന്നത്. മുകളിലെ വസ്തുത ശരിയായിരുന്നു എന്നും,അത് നിരീക്ഷണത്തിൽ കൊണ്ടുവരാൻ പോകുന്ന അവ്യക്തത എന്താണെന്നും എങ്ങനെയാണെന്നും എത്രകണ്ടാണെന്നും ആണ് യഥാർത്ഥത്തിൽ ഹൈസൻബെർഗ് പറഞ്ഞത്. അതുകൊണ്ടു തന്നെ,വളരെ ചെറിയ അളവുകളിലേക്ക് നിരീക്ഷണങ്ങൾ പോകുമ്പോൾ,പ്രകാശത്തിന്റെ ഇരട്ട സ്വഭാവത്തിലെ (Dual Nature) തരംഗ രൂപം(Wave nature) ആധിപത്യത്തിലേക്ക് വരുന്നതുമൂലമുണ്ടാവുന്ന ഈ വസ്തുത ഒരുതരത്തിലും ശാസ്ത്രത്തെ ചോദ്യം ചെയ്യില്ലെന്ന് തന്നെ തറപ്പിച്ചു പറയാം.

നിരീക്ഷിക്കാൻ പോകുന്നതിന്റെ അവസ്ഥ (state) എന്താണെന്നു അറിയാനാണ് നാം അത് നിരീക്ഷിക്കുന്നത്. എന്നാൽ നിരീക്ഷണത്തിനു ആ അവസ്ഥയുടെ മേൽ സ്വാധീനമുണ്ടെങ്കിലോ? അത് വലിയ പ്രശ്നങ്ങളും തെറ്റിദ്ധാരണകളും സൃഷ്ടിച്ചേക്കും. നിരീക്ഷക്കെപ്പടുന്നതിനു മുമ്പെന്താണെന്നു നമ്മുക്ക് അറിയാൻ കഴിയില്ല,നിരീക്ഷണ ശേഷം ലഭിക്കാൻ സാധയതയുള്ള ഏതെങ്കിലും നിരീക്ഷണത്തിലേക്ക് നമ്മുടെ നിരീക്ഷണം നമ്മളെ ചെന്നെത്തിക്കും എന്നതാണ് നിരീക്ഷണത്തെ കുറിച്ച് നീല്സബോറും ഹെയ്‌സൻബെർഗും പ്രസ്താവിച്ചിരുന്നത്. ഇത് കോപ്പന്ഹേഗന് വ്യാഖ്യാനം (Copenhagen interpretation) എന്നാണ് അറിയപ്പെടുന്നത്. ഒരു അവസ്ഥയെ നമ്മൾ നിരീക്ഷിക്കയാണെങ്കിൽ നമുക്ക് കിട്ടാൻ പോകുന്നത് അതിന്റെ ഏതൊക്കെ തരത്തിലുള്ള വിവരങ്ങളാണോ,അതിലൊന്നിലേക്ക് അത് കൂപ്പുകുത്തും(Collapses) എന്നും,അതിനു പ്രേരണമാവുന്നത് നമ്മുടെ നിരീക്ഷണമെന്നതുമാണിതിന്റെ അർത്ഥം. നിരീക്ഷണത്തിനു മുമ്പ് ആ വസ്തു ഏത് അവസ്ഥയിലായിരുന്നു എന്നും,അടുത്ത നിരീക്ഷണത്തിൽ കിട്ടിയ വിവരം തന്നെ വീണ്ടും കിട്ടുമെന്നോ പറയാനാവില്ല. പക്ഷെ,ഇതും ശാസ്ത്രത്തിനു വെല്ലുവിളിയാണ്. ഈ സിദ്ധാന്തത്തെ പരീക്ഷാനിയടിസ്ഥാനത്തിൽ തെളിയിക്കാനായിട്ടുണ്ടെങ്കിലും എന്തുകൊണ്ടെന്ന് ചോദ്യത്തിനുത്തരം ഇന്നും ബാക്കി നില്കുന്നു. ഉത്തരമില്ലായ്മയല്ല,പക്ഷെ ക്വാണ്ടം മെക്കാനിക്സിൽ ഗണിതക്രിയകളുടെ വ്യാഖ്യാനം കൃത്യമായി മനസിലാക്കാൻ ഇന്നും നമുക്ക് കഴിഞ്ഞിട്ടില്ല എന്ന പരിമിതി മാത്രമാണിത് കാണിക്കുന്നത്.

മേല്പറഞ്ഞത് ഇന്നും നിലനിൽക്കുന്ന അടിസ്ഥാന മായ പ്രാപഞ്ചിക പ്രശ്നങ്ങൾ ആണെങ്കിലും, അതുൾക്കൊണ്ട് തന്നെ അവകാരണം വലിയ പ്രശ്ങ്ങൾ ഉണ്ടാകാതെ ഒരുപാട് ക്വാണ്ടം ശാഖകൾ തന്നെ ഇന്ന് ലോകത്തുണ്ട്. എല്ലാത്തിലും അടിസ്ഥാനപരമായി ഇതുണ്ടാവുമെന്നെ ഉള്ളു,അത് തെറ്റാണെന്നോ,ശരിയല്ല എന്നോ അല്ല. വെള്ളമെത്ര ശുചിയാക്കിയാലും,എന്തെങ്കിലുമൊക്കെ കീടാണുക്കളെങ്കിലും ബാക്കികാണുമെന്ന പോലെയാണിത്. 
ക്വാണ്ടം അഥവാ വാക്വം ഫ്ലാക്ച്ചുവേഷൻസ്  (Vacuum fluctuations) എന്ന് പറയപ്പെടുന്ന അവസ്ഥായാണ് ഇതിനു കാരണമെന്നും,അല്ലാതെ പ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായ ഒരു ഘടകമല്ല ഇതിനു കാരണമെന്നും പ്രസ്താവിക്കുന്ന സ്റ്റോക്കാസ്റ്റിക് തിയറിയാണ് (Stochastic theory) ഇതിനു സാധൂകരിക്കാനാവുന്ന ഏറ്റവും പ്രബലമായ ഒരു ഉത്തരം. പൂര്ണ്ണ ശൂന്യത എന്നൊന്നില്ലെന്നും,സ്‌പേസ് ടൈമിലുണ്ടാവുന്ന ക്വാണ്ടം പ്രഭാവങ്ങളിലാണ്, നിരീക്ഷണത്തിലുണ്ടാക്കുന്ന ക്വാണ്ടം മെക്കാനിക്സിലെ അവ്യക്തതകൾക്ക് കാരണമെന്നുമാണ് അതിൽ പറയുന്നത്. ഇവിടെയും ,ശാസ്ത്രം നിരീക്ഷണാടിസ്ഥാനത്തിൽ ആണെങ്കിലും,അല്ലെങ്കിലും യുക്തിയുക്തമായി തന്നെ ശരിയാണെന്നു കാണിക്കുന്നുണ്ട്.

ക്വാണ്ടം സിദ്ധാന്തം നിരീക്ഷണത്തെ ഇങ്ങനെ സ്വാധീനിക്കുന്നുണ്ടെങ്കിലും, ശാസ്ത്രത്തിന്റെ ദൃശ്യമായ അടിത്തൂണുകളെ ഇളക്കാനൊന്നും അവക്ക് കഴിയില്ല. ക്വാണ്ടം അവസ്ഥയിലുള്ള പ്രതിഭാസങ്ങളുടെ പ്രശ്ങ്ങൾ നേരിട്ട് നമ്മുടെ ദൃശ്യമായ ചുറ്റുപാടിനെ ബാധിക്കുന്നില്ല എന്നതാണ് അതിനു കാരണം. ആറ്റത്തിനകത്തെ ന്യൂക്ലിയസിൽ ഇരിക്കുന്ന പ്രോട്ടോൺ എന്ത് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും,അതിനു എന്തൊക്കെ ഗുണങ്ങളുണ്ടെന്നും സാധാരണക്കാരനെ സംബന്ധിച്ച് വലിയപ്രാധാന്യമുള്ള കാര്യമല്ല. കാരണം സാധാരണ ജീവിതത്തിൽ ഇവ നമ്മളെ ബുദ്ധിമുട്ടിക്കുന്നില്ല എന്നതാണ്. (പ്രാപഞ്ചികാടിസ്ഥാനത്തിൽ ക്വാണ്ടം അവസ്ഥകൾ കാരണമുണ്ടാകുന്ന,വലിയ ദൃശ്യമാറ്റങ്ങളെ തത്കാലം മാറ്റി നിർത്തുന്നു). എന്നാൽ നിരീക്ഷണത്തെയും,കാഴ്ചയെയും അവിശ്വസിനീയമാക്കി തീർക്കുന്ന ഒന്നാണ് ക്ലാസിക്കൽ ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന ആപേക്ഷികതാ സിദ്ധാന്തം. അതിലെ തന്നെ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം (Special theory of relativity) കാഴ്ചക്ക് പുറമെ,സാമാന്യ യുക്തിയെ കൂടി ചോദ്യം ചെയുന്നു എന്നതാണ് രസകരമായ വസ്തുത.

സമകാലിക പ്രശനം(Problem of Simultaneity) ,അളവുകളിലെ സങ്കോചം(Length Contraction) ,സമയത്തിലെ ദീർഘത (Time dilation) എന്നിവ വിശിഷ്ട അപേക്ഷികതയുടെ അനന്തരഫലങ്ങളിൽ ഉൾപെടും. നിരീക്ഷകനും ,നിരീക്ഷിക്കപെടുന്നവനും തമ്മിൽ ബന്ധമുണ്ടെന്നും,അവ പരസ്പരമുള്ള വേഗതയാൽ ബന്ധപെട്ടു കിടക്കുന്നുണ്ടെന്നും ഇവയിൽ നിന്നു മനസ്സിലാക്കാവുന്നതാണ്. 
പ്രപഞ്ചത്തിലെ പരമാവധി വേഗതയായ പ്രകാശ വേഗതയുടെ ഏകദേശ വേഗതയിലേക്ക് നിരീക്ഷകനോ,നിരീക്ഷക്കപ്പെടേണ്ട വസ്തുവോ പോകുകയാണെങ്കിൽ,നിരീക്ഷണത്തിന്റെ നേർ രേഖയിലുള്ള പാതയിലെ നീളത്തില് കുറവും, ഒരു പ്രവർത്തിനടക്കാനുള്ള സമയം കൂടുതലെടുക്കുന്നതായും തോന്നും. പ്രപഞ്ചത്തിന്റെ രണ്ടു സ്ഥലങ്ങളിൽ ഒരുമിച്ചു നടന്നെന്നു കരുതുന്ന പ്രതിഭാസങ്ങൾ ഒരുമിച്ചു നാം കാണണമെന്നില്ല എന്നും, ഒരുമിച്ചു കാണുന്നവ ഒരുമിച്ചായിരിക്കില്ല നടന്നതെന്നും സമകാലിക പ്രശനം പറയുന്നു. അങ്ങനെയെങ്കിൽ പിന്നെ നമ്മുടെ നിരീക്ഷണമെങ്ങനെ ശരിയാകും? അതെങ്ങനെ കൃത്യമാണോ എന്നും സത്യമാണോ എന്നും മനസ്സിലാക്കാൻ കഴിയും ? ഈ വ്യതിയാനങ്ങൾ എത്രകണ്ടാണെന്നു നമുക്കിന്നു കണ്ടെത്താനാവും,അതാണ് ഐൻസ്റ്റീൻ നൽകിയ ഒരു പ്രാധാന സംഭാവന. വേഗതക്കനുസരിച്ചു,സമയവും ലാവുകളും മാറുന്നതിനെ എങ്ങിനെ നോക്കിക്കാണണമെന്നു ഐസന്റീൻ പറഞ്ഞിട്ടുണ്ട്,തെളിയിച്ചിട്ടുണ്ട്. പ്രാപഞ്ചികമായ സമയമെന്നൊന്നില്ലെന്നും, നിരീക്ഷകനെയും നിരീക്ഷണത്തെയും അടിസ്ഥാനമാക്കിയേ അതുപറയാനാവു എന്നും അദ്ദേഹം വ്യക്തമാക്കി. ജലഘടികാരവും സൂര്യൻ കാരണമായ നിഴലിനെയും,നൈൽ നദിയിലെ വെള്ളപ്പൊക്കത്തെയും ആശ്രയിച്ചു സമയം കണ്ടു ജീവിച്ച ഒരു ജനതയിൽ നിന്ന്, കാഴ്ചയെന്ന,നിരീക്ഷണമെന്ന ഒരു ശാസ്ത്രീയ പാതയിലൂടെ സമയത്തെ പോലും എന്താണ് എങ്ങെനയാണെന്നു നിർണ്ണയിക്കാൻ നമുക്ക് കഴിഞ്ഞു.

കാണുന്നതിലെല്ലാം പലതും ഒളിഞ്ഞു കിടപ്പുണ്ടെന്ന തിരിച്ചറിവും,ചിന്തയുമാണ് ശാസ്ത്രത്തെ പിന്നീട് ശാസ്ത്രമാക്കി മാറ്റിയ മറ്റൊരു വസ്തുത. ഐൻസ്റ്റീന്റെ സാമാന്യ അപേക്ഷികതയും,വളയുന്ന പ്രകാശവും, ഐസന്റിന് ക്രോസ്സും,ഗുരുത്വ ലെന്സിങ്ങും എല്ലാം നിരീക്ഷങ്ങളിൽ നിന്ന് ലഭിക്കുന്ന കാഴ്ചകളിൽ വിവരങ്ങൾ ഒളിഞ്ഞു കിടപ്പുണ്ടെന്നു തെളിയിച്ച വസ്തുതകളാണ്. ഇതിലേക്ക് ഒരു വലിയ ചുവടുവെപ്പ് നടത്തിയ ശാസ്ത്രത്തിന്റെ ശാഖയാണ് സെപക്ട്രോസ്കോപ്പി. പ്രകാശത്തിന്റെ പല അവസ്ഥകളെയും,അവയുടെ കഴിവുകളെയും മുതലെടുത്തു നിലവിൽ വന്ന ശാഖയാണ് സ്പെക്ട്രോസ്കോപ്പി. ഒരു പ്രകാശ സ്രോതസ്സ് ലഭിക്കുകയാണെങ്കിൽ അതെത്ര ദൂരെനിന്നു വരുന്നു,അതിന്റെ ഉത്ഭവ സ്ഥലത്തു എന്തൊക്കെ മൂലകകങ്ങൾ ഉണ്ട്,എന്തൊക്കെ സംയുക്തങ്ങളുണ്ട് തുടങ്ങി അനേകം വിവരങ്ങൾ വേർതിരിച്ചെടുക്കാൻ നമുക്കിന്നു കഴിയും.  മുകളിൽ പറഞ്ഞ പല കാഴ്ച-നിരീക്ഷണ ഉപാധികൾ കൂടിക്കലർന്ന സങ്കീർണ്ണമായ കാഴ്ചകളും,അതിൽ നിന്നുള്ള വിവരങ്ങളുമാണ് ഇന്ന് ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC) , ലിഗോ ഗ്രാവിറ്റേഷനല് ഒബ്‌സർവേറ്ററി(LIGO) , ന്യുട്രിനോ ഒബ്‌സർവേറ്ററി,റേഡിയോ ഒബ്‌സർവേറ്ററി തുടങ്ങി ഏറ്റവും ചെറിയ അളവിലെ ടണലിംഗ് ,ഇലക്ട്രോൺ മൈക്രോസ്കോപി വരെ എത്തി നിൽക്കുന്നത്.
ഇത്രയും ചെലവ് വഹിച്ചു ഇതെല്ലാം ചെയ്യുന്നതും യാഥാർഥ്യം മനസ്സിലാക്കാനും,മനുഷ്യ കുലത്തെ തുടക്കം തൊട്ടു നിയന്ത്രിച്ചിട്ടുള്ള വിശ്വാസമെന്ന ഘടകത്തെ കുറിച്ച് പഠിക്കാനാണ്.

ഭൗമേതര വിക്ഷേപണങ്ങളും , ചന്ദ്രനെയും ചൊവ്വയെയും പറ്റി പഠിക്കാനും, ഭൂമിക്ക് പുറത്തുള്ള ജീവനുണ്ടോ എന്ന് കണ്ടെത്താനും,എല്ലാം ഈ നിരീക്ഷണങ്ങളാണ് നമുക്ക് വെളിച്ചമേകുന്നത്. മനുഷ്യരാശിയും,ഭൂമിയുടെ നിലനില്പുമെല്ലാം നിരീക്ഷണ ശാസ്ത്ര ശാഖകൾ ആത്യന്തികം കടപ്പെട്ടു കിടക്കുന്നു.

കാഴ്ചകൾക്ക് അന്ത്യമായിട്ടില്ല. അതിനെ നിരീക്ഷണമെന്നോ ,വിവര ശേഖരണമെന്നോ, പ്രാപഞ്ചിക വിദ്യാഭ്യാസമെന്നോ വിളിക്കാമെന്ന് മാത്രം. 

എന്തൊക്കെ തന്നെ ആണെങ്കിലും,കാഴ്ച എന്നത് തരംഗങ്ങൾ കാരണം നമുക്ക് കിട്ടുന്ന അറിവായതു കൊണ്ട്, അവ നമ്മളിലേക്ക് ചെറിയ അളവിലാണെങ്കിലും സമയമെടുത്തു സഞ്ചരിച്ചു എത്തേണ്ടത് കൊണ്ട്,ഒരിക്കലും നമ്മൾ കാണുന്നത് ഇപ്പോഴത്തെ അവസ്ഥയല്ല,മറിച്ചു ഒരു ഭൂതകാലത്തെയാണ് എന്ന് പറയാനാവും. അതായത് നമ്മൾ പ്രപഞ്ചത്തിന്റെ ചരിത്രമാണ് കാണുന്നതും,പ്രപഞ്ചത്തിന്റെ ചരിത്രപഠനമാണ് നടത്തുന്നതും.

No comments:

Post a Comment

Blogger Random – Recent – Specific Label Posts Widget – All in One Post Feed Widget